പാലായില്‍ തൂക്കുപാലം സ്ഥാപിച്ചു; അമിനിറ്റി സെന്റര്‍, പാര്‍ക്ക്, നടപ്പാത…നഗരസൗന്ദര്യവത്കരണത്തിന് പത്തുകോടി

പാലാ: ളാലം തോടിനു കുറുകെ തൂക്കുപാലം സ്ഥാപിച്ചു. നഗരഹൃദയത്തില്‍ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപമാണ് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം സ്ഥാപിച്ചത്.

ഗ്രീന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലാ നഗരത്തില്‍ സൗന്ദര്യവത്കരണം നടത്തുന്നതിന്റെ ഭാഗമായാണ് തൂക്കുപാലത്തിന്റെ നിര്‍മാണം. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് തൂക്കുപാലം സ്ഥാപിച്ചത്. രണ്ടു മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമാണ് പാലത്തിനുള്ളത്. ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പാലത്തിലേക്കുള്ള പ്രവേശനം. മീനച്ചിലാറിനോടും ാലം തോടിനോടും ചേര്‍ന്നുള്ള മുനിസിപ്പാലിറ്റി വക സ്ഥലം കെട്ടിയെടുത്താണ് പാര്‍ക്കും ഉദ്യാനവുംഇന്‍ഫര്‍മേഷന്‍ സെന്ററും നിര്‍മിക്കുന്നത്. 2013ല്‍ കെ എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ പദ്ധതിക്ക് അഞ്ചുകോടി രൂപ അനുവദിച്ചിരുന്നു.

രണ്ടു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.തൂക്കുപാലത്തിനു പുറമേ അമിനിറ്റി സെന്റര്‍, പാര്‍ക്ക്, നടപ്പാത, ഗ്രീന്‍ ടൂറിസം പ്രോജക്ടിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവ സ്ഥാപിക്കും.

മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യൂപോയിന്റുണ്ടാകും. പാലത്തിന്റെയും പാര്‍ക്കിന്റെയും മനോഹാരിത വര്‍ധിപ്പിക്കാനായി രാത്രിയില്‍ പ്രത്യേക ലൈറ്റ് സംവിധാനവുമുണ്ട്.

സായാഹ്നങ്ങള്‍ ചെലവഴിക്കാനും കുട്ടികള്‍ക്ക് ഉല്ലാസത്തിനുമുതകുംവിധമാണ് പദ്ധതി. വാഗമണ്‍, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല എന്നീ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം, തങ്ങള്‍പാറ തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും എത്തുന്ന സഞ്ചാരികള്‍ക്ക് പുതിയ അമിനിറ്റിസെന്റര്‍ ഉപകാരപ്രദമാകും.

Share this Post :

No comments yet.

Leave a Reply