രാമപുരത്ത് സ്വകാര്യബസുകള്‍ മുടങ്ങിയിട്ട് ആറു ദിവസം പിന്നിട്ടു; ചര്‍ച്ചകളില്‍ പരിഹാരമായില്ല

പാലാ: രാമപുരത്തെ അകാശാല കമ്പനിയുടെ ബസ് സര്‍വീസുകള്‍ മുടങ്ങിയിട്ട് ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും പരിഹാരമായില്ല. മാനേജ്‌മെന്റും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കമാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം. ഇവരുടെ 15 ബസുകളാണ് രാമപുരം വഴി സര്‍വീസ് നടത്തുന്നത്. യാത്രാക്ലേശം കണക്കിലെടുത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ബുധനാഴ്ച വൈകുന്നേരം രാമപുരം സിഐ ഓഫീസില്‍ തൊഴിലാളി യൂണിയനുകളുടെയും ബസ് കമ്പനിയുടമയും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും കൂലി സംബന്ധിച്ചും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതു സംബന്ധിച്ചും തീരുമാനമായില്ല. വ്യാഴാഴ്ച രാമപുരം സിഐ ഓഫീസില്‍ വീണ്ടും ചര്‍ച്ച നടത്തും. കൂലി വര്‍ധനവ് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തിലും ചര്‍ച്ച നടക്കും.

അതേസമയം, തങ്ങളുടെ ബസ് സര്‍വീസുകള്‍ക്കെതിരെ ഒരു യൂണിയന്‍ നടത്തുന്ന സമരം സാമ്പത്തിക ക്രമക്കേട് കാണിച്ച മൂന്നു തൊഴിലാളികളെ സംരക്ഷിക്കാനാണെന്ന് ബസ് കമ്പനി ഉടമ കെ.ജെ. മാത്യു പറഞ്ഞു. വരുമാനം കണക്കിലെടുക്കാതെ തൊഴിലാളികള്‍ക്ക് കൂലി കൂടുതല്‍ നല്‍കാന്‍ തയാറാണ്. എന്നാല്‍ സാമ്പത്തിക തിരിമറി കാണിച്ച തൊഴിലാളികളെ തിരിച്ചെടുക്കാന്‍ സാധ്യമല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിവിധ സ്ഥലങ്ങളില്‍ മുന്നറിയിപ്പില്ലാതെ ബസുകള്‍ തടയുകയായിരുന്നു. സുരക്ഷ ഉറപ്പാക്കാതെ സര്‍വീസുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് ഉടമ പറഞ്ഞു. ഒരു യൂണിയന്‍ മാത്രമാണ് സമരത്തിലുള്ളതെന്നും മറ്റ് തൊഴിലാളികള്‍ ജോലി ചെയ്യാന്‍ തയ്യാറാണെന്നും മാത്യു പറഞ്ഞു.

Share this Post :

No comments yet.

Leave a Reply