മിന്നല്‍ ബസ് നിര്‍ത്താത്ത സംഭവം: ജീവനക്കാര്‍ക്ക് വീഴ്ചയില്ലെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. മിന്നല്‍ ബസ് പയ്യോളിയില്‍ നിര്‍ത്താതിരുന്ന സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അവരുടെ പേരിലുള്ള കേസ് ഒഴിവാക്കണമെന്നും കെ.എസ്.ആര്‍.ടി.സി. പോലീസിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചോമ്പാല എസ്.ഐ.യ്ക്ക് കത്ത് നല്‍കാന്‍ പാലാ ഡിപ്പോ അധികൃതര്‍ക്ക് മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം നല്‍കിയിട്ടുണ്ട്. പയ്യോളി സംഭവത്തില്‍ പാലായില്‍നിന്ന് കോഴിക്കോട്ടേക്ക് സീറ്റ് റിസര്‍വ് ചെയ്തിരുന്ന യാത്രക്കാരി കോഴിക്കോ ട്ടെത്തിയപ്പോഴാണ് പയ്യോളിക്ക് ടിക്കറ്റ് ആവശ്യപ്പെട്ടത്.

പയ്യോളിയില്‍ സ്റ്റോപ്പില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ കണ്ണൂരേക്ക് ടിക്കറ്റ് വാങ്ങി. കണ്ണൂരില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞ് ടിക്കറ്റ് എടുത്തശേഷമാണ് പയ്യോളിയില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടത്. ഇതില്‍ കണ്ടക്ടര്‍ക്കോ ഡ്രൈവര്‍ക്കോ തെറ്റുപറ്റിയിട്ടില്ല. സ്റ്റോപ്പില്ലാത്ത സ്ഥലങ്ങളില്‍ ബസ് നിര്‍ത്തി ആളെ ഇറക്കാനോ കയറ്റാനോ ജീവനക്കാര്‍ക്ക് അധികാരമില്ല.

റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ ദേശസാത്കൃത സര്‍വീസായ മിന്നലിന് ബാധകമല്ല.

മോട്ടോര്‍വാഹനനിയമത്തിലെ അധ്യായം ആറ് പ്രകാരം സൂപ്പര്‍ ഡീലക്സ് ബസുകളുടെ പെര്‍മിറ്റുകളില്‍ സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് മിന്നല്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചത്. നിലവിലുള്ള നിയമങ്ങള്‍ പാലിക്കുകമാത്രമാണ് ജീവനക്കാര്‍ ചെയ്തത്.

നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബസില്‍ യാത്രക്കാരിയെ ജീവനക്കാര്‍ തടഞ്ഞുവച്ചു എന്നുപറയുന്നത് വ്യാജമാണെന്നും കെ.എസ്.ആര്‍.ടി.സി. ആരോപിക്കുന്നു. യാത്രക്കാരിക്ക് എന്തെങ്കിലും അസൗകര്യം നേരിട്ടെങ്കില്‍ ചീഫ് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടാമായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

കണ്‍ട്രോള്‍റൂംനമ്പര്‍ ബസിലും ടിക്കറ്റിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചപ്പോള്‍ പോലീസിനും ഇതേ മാര്‍ഗം അവലംബിക്കാമായിരുന്നു. അടുത്ത ഡിപ്പോയുമായി ബന്ധപ്പെടാമായിരുന്നു. സ്വകാര്യബസുകാരുടെ കുത്തകയായിരുന്ന വടക്കന്‍മേഖലയില്‍ ഏറെ നേട്ടം സമ്മാനിച്ച മിന്നല്‍ ബസുകളെ തകര്‍ക്കാന്‍ സംഘടിത ശ്രമമുള്ളതായും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

Share this Post :

No comments yet.

Leave a Reply