കീടനാശിനി കലക്കി മീന്‍പിടുത്തം; മീനച്ചിലാര്‍ വിഷമയമാകുന്നു; കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണി

പാലാ: മീനച്ചിലാറ്റില്‍ കീടനാശിനി പോലുള്ള വിഷങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം വെള്ളത്തെ വിഷമയമാക്കുന്നു. ഈരാറ്റുപേട്ടമുതല്‍ ചെത്തിമറ്റം വരെ മീനച്ചിലാറ്റില്‍ ഇരുപതിലേറെ കുടിവെള്ള പദ്ധതികളുടെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. വിവിധ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകളാണ് ഇവിടെ നിന്ന് പമ്പിങ് നടത്തുന്ന കുടിവെള്ള പദ്ധതികളെ ആശ്രയിക്കുന്നത്. കീടനാശിനികള്‍ കലക്കി മീന്‍പിടിക്കുന്നതുമൂലം വന്‍തോതില്‍ മീനുകള്‍ ചത്തുപൊങ്ങുന്നുമുണ്ട്.

ചെത്തിമറ്റത്ത് തടയണയില്‍ രാസപദാര്‍ത്ഥങ്ങള്‍ കലക്കി മീന്‍പിടിക്കുന്നത് വ്യാപകമായപ്പോള്‍ നാട്ടുകാര്‍ പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ പൊലീസെത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെടുകയാണ് പതിവ്.

മുമ്പ് പനക്കുരു തുരിശ് ചേര്‍ത്ത് കലക്കിയാണ് മീനിനെ മയക്കി പിടിക്കുകയായിരുന്നു ഇക്കൂട്ടരുടെ രീതി. പനങ്കുരു കിട്ടാനില്ലാത്തതിനാല്‍ ഫ്യൂറഡാന്‍ പോലുള്ള കീടനാശിനികളാണ് ഉപയോഗിക്കുന്നത്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള സംഘമാണ് ഇങ്ങനെ മീന്‍ പിടിക്കാനെത്തുന്നത്. ചാക്കു കണക്കിന് മീനാണ് ഇക്കൂട്ടര്‍ പിടിക്കുന്നത്.

Share this Post :

No comments yet.

Leave a Reply