ഒമ്പതുകാരന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമം ഒന്നിക്കുന്നു.

ഈരാറ്റുപേട്ട: ഇരുവൃക്കകളും തകരാറിലായ ഒമ്പതുവയസുകാരന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമം കൈകോര്‍ക്കുന്നു. അടിവാരം കോലോത്ത് അലന്‍ ജോര്‍ജ്കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായാണ് ഒരു ഗ്രാമം കൈകോര്‍ക്കുന്നത്. അലന്റെ ഇരുവൃക്കകളും തകരാറിലായി വര്‍ഷങ്ങളായി ചികിത്സയിലാണ്.

അലന്റെ പിതാവ് ജോര്‍ജ്കുട്ടി വൃക്കനല്‍കാന്‍ തയ്യാറാണെങ്കിലും പണം ഇവര്‍ക്ക് ഒരു തടസമായിരുന്നു. ചങ്ങനാശേരി പ്രത്യാശയുടെ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തിലാണ് ധനശേഖരണം നടത്തുന്നത്. പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ജീവന്‍രക്ഷാസമിതിക്കു തുടക്കംകുറിച്ച് അലന്റെ ശസ്ത്രക്രിയയ്ക്കാവശ്യമായ തുക അഞ്ചുമണിക്കൂര്‍കൊണ്ട് സമാഹരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒന്‍പതുമുതല്‍ രണ്ട് വരെ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ജീവന്‍ രക്ഷാസമിതിയുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗങ്ങള്‍ ധനസമാഹരണം നടത്തും. മൂന്ന്, നാല് വാര്‍ഡുകളിലെ ധനശേഖരണം ശനിയാഴ്ചയാണ് നടത്തുന്നത്. അലന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു മാത്രം പത്തുലക്ഷം രൂപ ചെലവു വരും.

കാരുണ്യപ്രവര്‍ത്തിയില്‍ ഏവരുടെയും സഹകരണം ഉണ്ടാവണമെന്ന് പൂഞ്ഞാര്‍ തെക്കേക്കര ജീവന്‍ രക്ഷാസമിതി ചെയര്‍മാന്‍ ഷൈനി സന്തോ്, ജനറല്‍ കണ്‍വീനര്‍ ബൈജു ജേക്കബ് മണ്ഡപത്തിക്കുന്നേല്‍, പ്രത്യാശ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി, ഫാ.ജോര്‍ജ് പാറക്കുന്നേല്‍, ഗ്രാമപഞ്ചായത്ത് അംഗം ജിസോയി തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Share this Post :

No comments yet.

Leave a Reply