അരുണാപുരത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലാ: പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ റോഡില്‍ പാലായ്ക്ക് സമീപം അരുണാപുരത്ത് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു.

ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് മംഗലത്ത് അജയകുമാറിന്റെ മകന്‍ അഭിജിത്ത് (22) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും സമീപവാസിയുമായ അഴകത്ത് അമല്‍ തോമസിനും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരായ രണ്ടു കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കും പരുക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ വള്ളിച്ചിറ പടിഞ്ഞാറയില്‍ പിഡി ബൈജുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ രാമപുരം മാര്‍ അഗസ്തിനോസ് കോളജ് വിദ്യാര്‍ത്ഥിനികളായ തോടനാല്‍ പാറേക്കാട്ട് സാനിയ ജോണി, നീലൂര്‍ പൂവത്തുങ്കല്‍ ഹെലന്‍ മരിയ ജോസഫ് എന്നിവര്‍ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച വകുന്നേരം നാലരയോടെ പാലാ അല്‍ഫോന്‍സാ കോളജിനു സമീപമാണ് അപകടം സംഭവിച്ചത്. ഓട്ടോറികഷയുടെ ചില്ല് തകര്‍ന്ന് ബൈക്കിന്റെ പുറകിലിരുന്ന അഭിജിത്തിന്റെ കഴുത്തില്‍ കുത്തിക്കയറുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിരമ്പുഴയിലുള്ള യൂണിവേഴ്‌സിറ്റിയില്‍ പോയി മടങ്ങിവരവേയാണ് അപകടം. കീരിത്തോട്ടില്‍ നിന്നുകൊണ്ടുപോയ ബൈക്ക് തൊടുപുഴയില്‍ ചെന്നപ്പോള്‍ തകരാറിലായതിനെ തുടര്‍ന്ന് അമലിന്റെ സുഹൃത്തിന്റെ ബൈക്കുമായിട്ടാണ് പോയത്. അഭിജിത്ത് സ്വകാര്യ കമ്പനിയിലെ റൂട്ട് സെയില്‍ ജീവനക്കാരനാണ്. അമ്മ: പ്രസന്ന മണ്ണായത്ത് കീരിത്തോട്. ഏക സഹോദരന്‍ അക്ഷയ് പ്ലസ് ടുവിദ്യാര്‍ത്ഥി. സംസ്‌കാരം പിന്നീട്.

Share this Post :

No comments yet.

Leave a Reply