എന്‍സിപി പാലാ മണ്ഡലം തെരഞ്ഞെടുപ്പ്: പരാതിയുമായി മാണി സി കാപ്പന്‍; ചൊവ്വാഴ്ച പവാറിനെ കാണും

പാലാ: എന്‍.സി.പി. പാലാ മണ്ഡലം കമ്മിറ്റിയിലേക്ക് നിയമാനുസൃതം തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് എന്‍.സി.പി. നേതാവ് മാണി സി. കാപ്പന്‍. ഇതിനെതിരേ അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാറിനെ ചൊവ്വാഴ്ച നേരില്‍ കണ്ട് പരാതി നല്കും. പാര്‍ട്ടിയുടെ പാലാ മണ്ഡലം തിരഞ്ഞെടുപ്പില്‍നിന്ന് പരാജയഭീതി മൂലം മാണി സി.കാപ്പന്‍ വിട്ടുനിന്നുവെന്നാണ് മറുവിഭാഗം ആരോപിച്ചിരുന്നത്.

എന്നാല്‍ ഇവിടെ തിരഞ്ഞെടുപ്പ് എവിടെ നടക്കുമെന്നുപോലും അറിയിച്ചിട്ടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. സൂചന കിട്ടിയതനുസരിച്ച് പാലായിലെ ഒരു കെട്ടിടത്തില്‍ എത്തിയെങ്കിലും അവിടെ തിരഞ്ഞെടുപ്പിന് ആരുമെത്തിയില്ല. പാലാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം നല്കിയ നിര്‍ദേശങ്ങളെല്ലാം ലംഘിക്കുകയായിരുന്നു. വോട്ടേഴ്സിന്റെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. താന്‍ നല്കിയ വോട്ടര്‍മാരുടെ ലിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരുന്നു. എന്നാല്‍ എല്ലാവരും നല്കിയ വോട്ടര്‍ ലിസ്റ്റ് അംഗീകരിച്ച് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളോട് വിവരങ്ങള്‍ പറഞ്ഞിരുന്നു. ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. തിരഞ്ഞെടുപ്പ് നടന്നുവെന്ന മറുവിഭാഗത്തിന്റെ വാദം തെറ്റാണ്. മറുവിഭാഗം വോട്ടര്‍മാരായി പേരു ചേര്‍ത്തു നല്കിയവരെല്ലാം പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണ്. ബി.ജെ.പി. അംഗങ്ങള്‍ പോലും ഇത്തരത്തില്‍ വോട്ടര്‍മാരുടെ ലിസ്റ്റിലുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് നടന്നുവെന്നത് മറുവിഭാഗത്തിന്റെ തെറ്റായ പ്രചാരണം മാത്രമാണെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.

Share this Post :

No comments yet.

Leave a Reply