മുപ്പതിനായിരം മണ്‍ചെരാതുകളൊരുക്കി വള്ളിച്ചിറയില്‍ ദേശവിളക്ക്

പാലാ: മുപ്പതിനായിരം മണ്‍ചെരാതുകളൊരുക്കി വള്ളിച്ചിറ പിഷാരുകോവിലില്‍ വെള്ളിയാഴ്ച ദേശവിളക്ക്. ഒന്നരയേക്കറോളം വരുന്ന ക്ഷേത്രമൈതാനത്ത് തയാറാക്കിയ കൂറ്റന്‍ ദേശവിളക്ക് അവസാനമിനുക്കുപണികളും പൂര്‍ത്തിയായി. 30 യുവാക്കള്‍ ഒന്നരമാസത്തോളം രാപകല്‍ യത്‌നിച്ചാണ് വടക്കുനാഥന്റെ ഗോപുരത്തിന്റെ മാതൃകയില്‍ നാലുതട്ടുകളോടും കൂമ്പാരത്തോടുംകൂടിയ സ്തംഭം പൂര്‍ത്തീകരിച്ചത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദേശവിളക്ക് സ്തംഭമായിരിക്കുമിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സ്തംഭത്തില്‍ മാത്രമായി 30,000 മണ്‍ചെരാതുകള്‍ കത്തിക്കും.ക്ഷേത്രമൈതാനത്ത് ഇരുപതിനായിരത്തോളം മണ്‍ചെരാതുകള്‍ വേറെയും കത്തിക്കും. കൂടാതെ ഭക്തജനങ്ങള്‍ വീടുകളില്‍ നിന്നെത്തിക്കുന്ന ആയിരത്തോളം നിലവിളക്കുകളും ക്ഷേത്രമൈതാനത്ത് ഒരുക്കിവെയ്ക്കും. വള്ളിച്ചിറ പിഷാരുകോവിലില്‍ മണ്‍ചെരാതിലാണ് മുഴുവന്‍ വിളക്കുകളും ഒരുക്കുന്നത്. ക്ഷേത്രത്തിലെ നാലാം ഉത്സവദിവസമായ വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് ദേശവിളക്ക് തെളിക്കുന്നത്.

മുഴുവന്‍ വിളക്കുകളും തെളിക്കുന്നതിന് ഒരു മണിക്കൂറോളം സമയമെടുക്കും.ദേശവിളക്ക് സ്തംഭത്തില്‍ മണ്‍ചെരാതുകള്‍ കത്തിക്കുന്നതിനായി പ്രത്യേക പരിശീലനം നല്‍കി 30 വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.

Share this Post :

No comments yet.

Leave a Reply