പൂവരണിയില്‍ എന്‍.ജി.ഒ.യൂണിയന്‍ പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണം;ജനാലകള്‍ തകര്‍ത്തു

പാലാ: പൂവരണിയില്‍ അര്‍ധരാത്രി വീടിനുനേരെ ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. പാലാ സിവില്‍ സ്റ്റേഷനിലെ പഞ്ചായത്തുവകുപ്പ് ഓഡിറ്റ് വിഭാഗം ജീവനക്കാരനായ പൂവരണി കുന്നേല്‍ മാര്‍ട്ടിന്റെ വീടിനുനേരെയാണു വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ആക്രണം നടന്നത്. എന്‍.ജി.ഒ.യൂണിയന്‍ മീനച്ചില്‍ ഏരിയാ കമ്മിറ്റിയംഗമാണ് മാര്‍ട്ടിന്‍.

വൈദ്യുതിഫ്യൂസ് ഊരിമാറ്റിയതിനുശേഷമാണ് അക്രമികള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തത്. മുന്‍വശത്തെ അഞ്ച് ജനല്‍പ്പാളികള്‍ തകര്‍ത്തു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ജനല്‍പാളികളില്‍ വെട്ടിയിട്ടുണ്ട്. മാര്‍ട്ടിന്‍ തൊട്ടടുത്ത അയല്‍വാസിയെ ഫോണില്‍ വിവരമറിയിച്ചു. അയല്‍വാസിയുടെ വീട്ടിലെ വൈദ്യുതിഫ്യൂസും ആക്രമികള്‍ ഊരിമാറ്റിയിരുന്നു. സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. മാര്‍ട്ടിന്റെ വീടിനു സമീപം ഏഴോളം വീടുകളുണ്ട്. സമീപത്ത് ഇത്രയും വീടുകളുണ്ടായിട്ടും ആക്രമണം നടന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. രണ്ടാഴ്ചമുമ്പ് കൊഴുവനാലില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ വീടിനുനേരെ നടന്ന ആക്രമണത്തിലെ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.

Share this Post :

No comments yet.

Leave a Reply