ഈരാറ്റുപേട്ട നഗരസഭാ യോഗത്തില്‍ ബഹളമുണ്ടാക്കിയ കൗണ്‍സിലറെ രണ്ട് യോഗങ്ങളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

ഈരാറ്റുപേട്ട:നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളംവെയ്ക്കുകയും രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത കൗണ്‍സിലര്‍ പി.എച്ച്.ഹസീബിനെ രണ്ട് കൗണ്‍സില്‍ യോഗങ്ങളില്‍നിന്ന് ചെയര്‍മാന്‍ ടി.എം.റഷീദ് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരസഭാ കൗണ്‍സില്‍ യോഗം ബഹളം മൂലം അവസാനിപ്പിക്കേണ്ട സ്ഥിതിയായിരുന്നു. വികസനസമിതി യോഗം ചേര്‍ന്നതില്‍ ക്രമക്കേട് ഉന്നയിച്ചാണ് കൗണ്‍സില്‍ യോഗങ്ങളില്‍ ബഹളം തുടങ്ങിയത്.

കുടുംബശ്രീയിലേയ്ക്ക് വനിതാ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുണ്ടായത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ അഞ്ച് കൗണ്‍സിലര്‍മാരെ തിരഞ്ഞെടുത്തിരുന്നു. ഇത് മിനിട്സില്‍ രേഖപ്പെടുത്തിയതായി യു.ഡി.എഫ്. പറയുന്നു. എന്നാല്‍ ചെയര്‍മാന്‍ ഏകപക്ഷീയമായി പിന്നീട് ജനപക്ഷം കൗണ്‍സിലറായ ബല്‍ക്കീസ് നവാസിന്റെ പേര് ഒഴിവാക്കുകയും വൈസ് ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ സിയാദിന്റെ പേര് ചേര്‍ക്കുകയും ചെയ്തുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എച്ച്. ഹസീബ് എഴുന്നേറ്റതോടെയാണ് ബഹളമാരംഭിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ ചെയര്‍മാന്‍ ടി.എം.റഷീദ്, ഹസീബിനെ രണ്ട് കൗണ്‍സില്‍ യോഗങ്ങളില്‍നിന്നും സസ്പെന്‍ഡു ചെയ്തതായി പ്രഖ്യാപിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും ജനപക്ഷവും കൗണ്‍സില്‍ ബഹിഷ്‌കരിച്ചു. മിനിട്സില്‍ തിരുത്തലുകള്‍ വരുത്തുന്നുവെന്ന യു.ഡി.എഫിന്റെ ആക്ഷേപം തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസം. ഇത് സംബന്ധിച്ച് നഗരസഭാ ജോയിന്റ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

അതേസമയം, യു.ഡി.എഫിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ ടിഎം റഷീദ് പറഞ്ഞു. ഹസീബിന്റെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് നടപടി വേണ്ടിവന്നത്. ഡയസിനുനേരെ ആക്രോശിക്കുകയും ഡയസിലടിച്ച് ബഹളുമുണ്ടാക്കുകയും ചെയ്തതിനാലാണ് സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത്. മിനുട്സ് തിരുത്തിയെന്ന വാദങ്ങളും തെറ്റാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

Share this Post :

No comments yet.

Leave a Reply