നീലൂര്‍ മലയില്‍ പാറമടലോബി ഭൂമിവാങ്ങിക്കൂട്ടുന്നു; പാറഖനനത്തിന് ശ്രമം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

പാലാ: കടനാട് പഞ്ചായത്തിലെ നീലൂര്‍ മലയില്‍ പാറമടലോബി വന്‍തോതില്‍ ഭൂമിവാങ്ങിക്കൂട്ടുന്നു. ഇതിനെതിരേ നാട്ടുകാര്‍ ജനകീയപ്രക്ഷോഭം ആരംഭിച്ചു.

നീലൂര്‍ മലയുടെ വിവിധഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂമിയാണ് പാറമട ലോബി വാങ്ങിക്കൂട്ടിയിരിക്കുന്നത്. ഇവിടെ ഏക്കര്‍ കണക്കിന് റവന്യൂ ഭൂമിയുണ്ട്. ഇവയോടു ചേര്‍ന്നുള്ള ഭൂമി വാങ്ങിക്കൂട്ടിയശേഷം പുറമ്പോക്ക് ഭൂമിയും ഇതിനോടു ചേര്‍ക്കുകയാണ്. നാട്ടുകാരുടെ ശ്രമഫലമായി റവന്യൂഭൂമിയില്‍ രണ്ടേക്കറോളം അധികൃതര്‍ അളന്നു തിരിച്ചിരുന്നു.

പലയിടത്തും നാട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഭൂമി വാങ്ങിക്കൂട്ടുന്നത്. പൊതുവഴി അടച്ച് വാഹന ഗതാഗത സൗകര്യം തടസ്സപ്പെടുത്തുകയാണ്. കിണറുകളില്‍ വിഷം കലര്‍ത്തുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്.

സമീപകാലത്ത് നീലൂര്‍ മലയില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. നിരവധി ആളുകളുടെ ഏക്കര്‍ കണക്കിന് റബ്ബര്‍തോട്ടങ്ങളാണ് കത്തി നശിച്ചത്. ഇതിനു പിന്നില്‍ ആസൂത്രിത നീക്കങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കടനാട് പഞ്ചായത്തിലെ ഒന്‍പതു മുതല്‍ 14 വരെ വാര്‍ഡുകളിലാണ് നീലൂര്‍മല സ്ഥിതിചെയ്യുന്നത്. കടനാട്, കാവുംകണ്ടം, പിഴക്, നീലൂര്‍, മാനത്തൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ നീലൂര്‍ മലയ്ക്ക് ചുറ്റുമാണ്. നീലൂര്‍ മലയില്‍ ജലസമൃദ്ധമായ നിരവധി നീര്‍ച്ചാലുകളുണ്ട്. അപൂര്‍വങ്ങളായ നിരവധി സസ്യങ്ങളുടെയും ചെറിയമൃഗങ്ങളുടെയും ആവാസകേന്ദ്രമാണിത്.

നീലൂര്‍മലയില്‍ പാറഖനനം നടത്തുന്നതിന് അനുമതി നല്കരുതെന്ന് നീലൂര്‍മല സംരക്ഷണസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വാഹനങ്ങളില്‍ സംഘങ്ങള്‍ കറങ്ങിനടക്കുന്നുണ്ട്. സമീപകാലത്തുണ്ടായ തീപിടിത്തത്തിന് പിന്നിലും പാറമട ലോബിയുടെ ഇടപെടലുണ്ട്. പാറഖനനത്തിന് അനുമതി നല്കുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ ജോസ് പ്ലാശനാല്‍, ബിജു മാളിയേക്കല്‍, രാജു കോഴിക്കോട്ട്, സുരേഷ് വേളുപുല്ലാട്ട്, ജോണി കോഴിക്കോട്ട് എന്നിവര്‍ പങ്കെടുത്തു.

Share this Post :

No comments yet.

Leave a Reply