പീതാംബരന്‍ മാസ്റ്റര്‍ ഇടപെട്ടു; പാലായില്‍ എന്‍.സി.പി.യിലെ തര്‍ക്കം പരിഹരിച്ചു

പാലാ: എന്‍.സി.പി.യുടെ സംഘടനാ തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തില്‍ മാണി സി.കാപ്പനും മറുവിഭാഗവും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ നേരിട്ടിടപെട്ടതോടെയാണ് തര്‍ക്കത്തിന് പരിഹാരമുണ്ടായത്.

പാലാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒന്‍പത് മണ്ഡലങ്ങളില്‍ എട്ടെണ്ണത്തില്‍ ഔദ്യോഗികപക്ഷം വിജയിച്ചിരുന്നു. രാമപുരം പഞ്ചായത്തില്‍ മാണി സി.കാപ്പന്‍ വിഭാഗവും വിജയിച്ചിരുന്നു. പാലാ മുനിസിപ്പാലിറ്റിയില്‍ നടന്ന മത്സരത്തില്‍നിന്ന് പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററും ദേശീയ നേതാവുമായ മാണി സി.കാപ്പന്‍ പക്ഷം വിട്ടുനില്ക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാെണന്ന് ആരോപിച്ച് മാണി സി.കാപ്പന്‍ ദേശീയ നേതൃത്വത്തിനു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ദേശീയ നേതൃത്വം ഇടപെട്ടത്.

സംസ്ഥാന സമിതിയിലേക്ക് മാണി സി. കാപ്പനെകൂടി പാലായില്‍നിന്നു ഉള്‍പ്പെടുത്തുവാന്‍ തീരുമാനമായി. സംസ്ഥാന സമിതിയിലേക്ക് നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്ന മൂന്ന് അംഗങ്ങളില്‍ സതീഷ് കല്ലക്കുളം മാണി സി.കാപ്പനു വേണ്ടി പിന്മാറി. ജില്ലാ കമ്മിറ്റിയിലേക്കുള്ള ആറ് അംഗങ്ങളില്‍ മൂന്ന് അംഗങ്ങളെയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും മാണി സി.കാപ്പന്‍ വിഭാഗത്തിന് നല്‍കി.

Share this Post :

No comments yet.

Leave a Reply