മുത്തോലിയില്‍ ചതുഷ്‌കോണ മത്സരത്തില്‍ കോണ്‍ഗ്രസിന് ജയം; കേരള കോണ്‍ഗ്രസ് രണ്ടാമതായി

പാലാ: മുത്തോലി ഗ്രാമപ്പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചു. കേരള കോണ്‍ഗ്രസിനെ രണ്ടാംസ്ഥാനത്തേക്ക് തള്ളിയാണ് വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തിയത്.

കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന പഞ്ചായത്തംഗം ലിസ്സി തോമസ് വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ലിസ്സി തോമസിന്റെ മകള്‍ ജിസ്മോള്‍ തോമസ്സാണ് വിജയിച്ചത്. 117 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്.

ജിസ്മോള്‍ തോമസിന് 399 വോട്ടും തൊട്ടടുത്ത കേരള കോണ്‍ഗ്രസ് എം. സ്ഥാനാര്‍ഥി സില്‍വി മനോജിന് 282 വോട്ടും ലഭിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥി ഉഷ ബാബുവിന് 40 വോട്ടും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അനിതാ തങ്കച്ചന് 38 വോട്ടും ലഭിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്കും ഇടതുമുന്നണിക്കും ഇതേ സ്ഥാനാര്‍ഥികളായിരുന്നു. ആകെയുള്ള 905 വോട്ടര്‍മാരില്‍ 754 വോട്ടുകളാണ് പോള്‍ ചെയ്തത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 206 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി.യുടെ വോട്ട് നാല്പതായി കുറഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് കഴിഞ്ഞതവണ 108 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ 38 വോട്ടുകളേ കിട്ടിയുള്ളൂ.

കേരള കോണ്‍ഗ്രസ്, യു.ഡി.എഫ്. മുന്നണിയിലായിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ്. സ്ഥാനാര്‍ഥി ലിസി തോമസിന്റെ ഭൂരിപക്ഷം 152 ആയിരുന്നു.

മുത്തോലി പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ പോരാടുന്നത് രണ്ടാം തവണയാണ്. പന്ത്രണ്ടാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ പോരാട്ടം നടത്തിയിരുന്നു. വിജയം കേരള കോണ്‍ഗ്രസിനായിരുന്നു.

പതിമൂന്നംഗ മുത്തോലി പഞ്ചായത്ത് ഭരണസമിതിയില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും മുന്നണിയായാണ് വിജയിച്ചത്. കോണ്‍ഗ്രസ്സിന് രണ്ടും കേരള കോണ്‍ഗ്രസ്സിന് അഞ്ചും അംഗങ്ങളാണുണ്ടായിരുന്നത്. സ്വതന്ത്രഅംഗം ചേര്‍ന്നതോടെ കേരള കോണ്‍ഗ്രസ്സിന്റെ അംഗങ്ങള്‍ ആറായി.

ഇടതുപക്ഷ അംഗം മരിച്ചതിനെത്തുടര്‍ന്ന് 12-ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ ഏഴംഗങ്ങളെ കിട്ടിയ കേരള കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചു. ഇടതുപക്ഷത്തിന് ഒന്നും ബി.ജെ.പി.ക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല.

Share this Post :

No comments yet.

Leave a Reply