കാറ്റും മഴയും: ഭരണങ്ങാനത്തും രാമപുരത്തും കനത്തനാശം

പാമ്പൂരാംപാറയില്‍ വാലുപാറ ഫ്രാന്‍സീസിന്റെ വീടിനുമുകളില്‍ മരംവീണനിലയില്‍

ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറയില്‍ കാറ്റിലും മഴയിലും മരങ്ങള്‍ വീണ് ആറുവീട് ഭാഗികമായി തകര്‍ന്നു. നൂറുകണക്കിനു റബ്ബര്‍മരങ്ങളും പ്ലാവ്, തെങ്ങ് തുടങ്ങിയ മരങ്ങളും ഒടിഞ്ഞുവീണു.

അരീക്കാട്ട് ജെസ്സി വിന്‍സെന്റ്, വാലുപാറ ഫ്രാന്‍സിസ്, പടവില്‍ ഏലിക്കുട്ടി, അന്നക്കുട്ടി കിഴക്കേമുറി, ചാലാവീട്ടില്‍ ബോബി എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇഞ്ചയില്‍ രാധാമണിയുടെ വീടിനുമുകളില്‍ വൈദ്യുതിത്തൂണ് തകര്‍ന്നുവീണ് നാശമുണ്ടായി. പാമ്പൂരാംപാറയില്‍ ആറു വൈദ്യുതിത്തൂണ്‍ മറിഞ്ഞുവീണു.

പുത്തേട്ട് വക്കന്‍, മൂക്കന്‍തോട്ടത്തില്‍ ജോസ്, കുറിച്ചിയില്‍ തോമ്മാച്ചന്‍, മണ്ണൂര്‍ മാമ്മച്ചന്‍, പുരയിടത്തില്‍ ബൈജു, അരീക്കാട്ട് വിന്‍സെന്റ് എന്നിവര്‍ക്കാണ് കൃഷിനാശമുണ്ടായത്. പഞ്ചായത്തംഗം അനുമോള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരങ്ങള്‍ വെട്ടിനീക്കി. പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

കഴിഞ്ഞദിവസം രാമപുരത്തും പരിസരങ്ങളിലുമുണ്ടായ മഴയില്‍ വന്‍ കൃഷിനാശം. നിരവധിയാളുകളുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. കപ്പ, റബ്ബര്‍, തെങ്ങ്, വാഴ, ചേന തുടങ്ങിയവയാണു നശിച്ചത്. നൂറുകണക്കിനു റബ്ബര്‍മരങ്ങള്‍ ഒടിഞ്ഞുവീണു. വടക്കേക്കുറ്റ് ജിന്നിച്ചന്‍, തേവറുകുന്നേല്‍ സജി, തേവര്‍കുന്നേല്‍ തങ്കച്ചന്‍, വണ്ടനാനിക്കല്‍ ദേവസ്യ, തെക്കേവേലിക്കാത്ത് വിന്‍സെന്റ്, തട്ടാറയില്‍ ജോര്‍ജ്, മാടവന വിന്‍സെന്റ്, വണ്ടനാനിക്കല്‍ സ്‌കറിയ, കാരയ്ക്കാട്ട് തോമസ്, വെള്ളിലാപ്പിള്ളി ജെസമ്മ ചെറിയാന്‍ എന്നിവര്‍ക്കാണ് കൃഷിനാശമുണ്ടായത്. വെള്ളിലാപ്പിള്ളി ഇടത്തുംകുന്നേല്‍ ആഗസ്തി, അശ്വതിഭവനില്‍ ഗോപി, കിഴക്കേക്കര ബേബി, ചക്കാമ്പുഴ കൊണ്ടാട് കുറ്റിയാനിക്കുന്നേല്‍ ബിജു എന്നിവരുടെ വീടുകളാണ് മരങ്ങള്‍വീണു ഭാഗികമായി നശിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Share this Post :

No comments yet.

Leave a Reply