മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്ക് പ്രഭാതഭക്ഷണവുമായി ഓട്ടോതൊഴിലാളികളുടെ കൂട്ടായ്മ

മരങ്ങാട്ടുപിള്ളി: കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കൂട്ടായ്മ തീര്‍ത്ത് മരങ്ങാട്ടുപിള്ളിയിലെ ഓട്ടോ തൊഴിലാളികള്‍. മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആശുപത്രിയിലെ മുഴുവന്‍ കിടപ്പുരോഗികള്‍ക്കും പ്രഭാതഭക്ഷണം നല്‍കുന്ന’സ്നേഹാമൃതം’ പദ്ധതിക്കു തുടക്കം കുറിച്ച് ഓട്ടോ തൊഴിലാളികള്‍.

ആറുമാസം മുമ്പാണ് മരങ്ങാട്ടുപിള്ളിയിലെ 44 ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് ‘സ്നേഹധാര ഓട്ടോബ്രദേഴ്സ് സൊസൈറ്റി’ രൂപീകരിച്ചത്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യൂണിയനുകളിലുള്ള ഇവര്‍ കാരുണ്യ പ്രവര്‍ത്തികള്‍ക്കായി തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെയ്ക്കുകയാണ്. ഓട്ടോകളില്‍ ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ദിവസേന പെട്ടിയില്‍ പത്തുരൂപ വീതം ഓരോ ഓട്ടോക്കാരനും ഇടും. ഉദാരമതികളായ യാത്രക്കാര്‍ക്കും ഇതില്‍ തുക നിക്ഷേപിക്കാം. ഇങ്ങനെ സ്വരൂപിച്ച ഒരുലക്ഷത്തോളം രൂപ നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്കായി ധനസഹായം നല്‍കി. ഒപ്പം മരങ്ങാട്ടുപിള്ളി സര്‍ക്കാര്‍ ആശുപത്രിയിലും ടൗണിലെ തിരക്കേറിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും ചൂടുവെള്ളവും തണുത്തവെള്ളവും ലഭ്യമാക്കുന്ന കുടിവെള്ളടാങ്കും മെഷീനും സ്ഥാപിച്ചു.

രക്തദാനവും ഇവര്‍ നടത്തുന്നുണ്ട്. രക്തം നല്‍കുന്നതിനായി 43 അംഗങ്ങളുടെ ഫോണ്‍ നമ്പരും ഗ്രൂപ്പും രേഖപ്പെടുത്തിയ ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്. സഹായിക്കാന്‍ മരങ്ങാട്ടുപിള്ളിയിലെ വ്യാപാരികളും ഒപ്പമുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ രോഗികളുമായി ദൂരെയുള്ള ആശുപത്രികളിലേക്ക് സൗജന്യമായി ഓട്ടം പോകാനും തയ്യാറാണ്.

‘സ്നേഹാമൃതം’ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ് നിര്‍വഹിച്ചു. പ്രസിഡന്റ് ജോയി പുറത്തേട്ട് സെക്രട്ടറി അനീഷ് പി.ബി., റ്റോമി കണ്ണംതറപ്പില്‍, പി.ആര്‍.രാഹുല്‍, ശ്യാംരാജ്, ജോര്‍ജ് ഇമ്മാനുവല്‍, രതീഷ് പി. സന്തോഷ് എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്നത്.

Share this Post :

No comments yet.

Leave a Reply