താരമായ ആ വണ്ടി ഈരാറ്റുപേട്ടയില്‍ തിരിച്ചെത്തി; ഇനി ‘ചങ്ക് വണ്ടി’ എന്ന പേരുമായി യാത്ര തുടരും

ഈരാറ്റുപേട്ട: ജീവനക്കാരും യാത്രക്കാരും സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യര്‍ത്ഥനയില്‍ താരമായി മാറിയ കെ.എസ്.ആര്‍.ടി.സി.യുടെ ആര്‍.എസ്.എസി. 140 വേണാട് ബസ് തിരിച്ചെത്തി. ആലുവയിലേക്കും പിന്നീട് കണ്ണൂരിലേക്കും മാറ്റിയ ബസ് ബുധനാഴ്ച പുലര്‍ച്ചെയാണ് ഡിപ്പോയിലെത്തിച്ചത്. വ്യാഴാഴ്ച രാവിലെ സര്‍വീസും ആരംഭിച്ചു.

തിരികെ എത്തിച്ച ബസിന് ‘ചങ്ക് വണ്ടി’ എന്നു പേരിടുന്നതായി കെഎസ് ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. ചങ്ക് വണ്ടി എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കാന്‍ഈരാറ്റുപേട്ട ഡിപ്പോയില്‍ അറിയിച്ചിട്ടുണ്ട്.

ബസ് ആലുവായിലേക്ക് കൈമാറിയതിന് പിന്നാലെ ബസ് കണ്ടക്ടര്‍ കെ.എ. സമീറിന്റെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം യാത്രക്കാരിയുടെ പരിഭവം പറച്ചിലും സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ കെ.എസ്.ആര്‍.ടി.സി. എം.ഡി.യായി ചുമതലയേറ്റ ടോമിന്‍ തച്ചങ്കരി ബസ് തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എം.ഡി. ടോമിന്‍ തച്ചങ്കരിയുടെ ഉത്തരവിനെതുടര്‍ന്ന് ഡിപ്പോയില്‍നിന്നു ഡ്രൈവര്‍ സുമേഷ്, കണ്ടക്ടര്‍ ജിതിന്‍ എന്നിവര്‍ കണ്ണൂരെത്തി ബസ് ഏറ്റുവാങ്ങി.

ഡിപ്പോയില്‍ തിരിച്ചെത്തിയ ബസിന് എന്റെ ഈരാറ്റുപേട്ട ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കി. എ.ടി.ഒ. ജോണ്‍സണ്‍, സതീഷ് കുമാര്‍, രമേഷ് ബാബു, കണ്ടക്ടര്‍ കെ.എ. സമീര്‍, കൂട്ടായ്മ പ്രതിനിധികളായ റാഷി നൂര്‍ദീന്‍, റയീസ് പടിപ്പുരയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

എന്നാല്‍ വൈറലായ ഫോണ്‍വിളി നടത്തിയ അജ്ഞാത ആരാധിക ആരാണെന്ന് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം ഫാസ്റ്റായി ഓടിയിരുന്ന ബസാണ് പിന്നീട് ആര്‍എസ് സി 140 വേണാട് എന്ന ഓര്‍ഡിനറി സര്‍വീസായി ഈരാറ്റുപേട്ടയിലേക്കെത്തുന്നത്. രാവിലെ ഏഴിന് സര്‍വീസ് ആരംഭിക്കും. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജ്, പാലാ അല്‍ഫോന്‍സ കോളജ്, സെന്റ് തോമസ് കോളജ്, കോട്ടയം ബിസിഎം, ബസേലിയോസ് തുടങ്ങി മറ്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളും നിരവധിസ്ഥിരം യാത്രക്കാരും.

Share this Post :

No comments yet.

Leave a Reply