അന്യംനിന്നുപോകുന്ന പ്ലാവിനങ്ങളുടെ സംരക്ഷകനായി തോമസ്

പാലാ: ചക്കാമ്പുഴ കട്ടക്കയം തോമസിന്റെ ഒന്നരയേക്കര്‍ തോട്ടം നിറയെ പ്ലാവുകളാണ്. നിലവില്‍ 210 ഇനം പ്ലാവുകള്‍ തോമസ് സ്വന്തമാക്കി. നാടിന്റെ നാനാദിക്കുകളില്‍നിന്ന് പ്ലാവിനങ്ങളുടെ കമ്പുകളെത്തിച്ച് ബഡ്ഡുചെയ്താണ് ഫലവൃക്ഷമാക്കുന്നത്.

കഴിഞ്ഞവര്‍ഷമാണ് ഒന്നരയേക്കറിലെ റബ്ബര്‍ തോട്ടം വെട്ടിനീക്കി തോമസ് പ്ലാവുകള്‍ നട്ടത്. വീണ്ടും, ഒരേക്കറോളം സ്ഥലത്തെ റബ്ബര്‍ വെട്ടിനീക്കി പ്ലാവിനങ്ങള്‍ നടാന്‍ തയ്യാറെടുക്കുകയാണ്. ഇതിനായി പ്ലാവിന്‍തൈകള്‍ ബഡ്ഡുചെയ്ത് കൂടകളിലാക്കി സംരക്ഷിക്കുന്നുണ്ട്. മുമ്പ് തോമസിന്റെ പുരയിടത്തില്‍ വൈവിധ്യമാര്‍ന്ന നിരവധി പ്ലാവിനങ്ങള്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതും കാലക്രമേണ നശിച്ചതോടെയാണ് അന്യംനിന്നുപോകുന്ന പ്ലാവിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ചത്.

കേരളത്തിന് പുറത്തുനിന്നുള്ള പ്ലാവിനങ്ങളും തോമസിന്റെ ശേഖരത്തിലുണ്ട്. എല്ലാ മാസവും ചക്ക കായ്ക്കുന്നത് മുതല്‍ ഓരോ സീസണില്‍ കായ്ക്കുന്നതും വിവിധ രുചികളിലുള്ളതും ഉള്‍പ്പെടെ പ്ലാവുകളുടെ വൈവിധ്യമാണ് തോമസിന്റെ ശേഖരത്തിലുള്ളത്. കിട്ടാവുന്നയത്ര ചക്കുക്കുരു കൂടുകളില്‍ കിളിര്‍പ്പിച്ചെടുക്കുന്നു. ജൈവവളങ്ങള്‍ നല്‍കി വളര്‍ത്തുന്ന തൈകള്‍ പിന്നീട് ബഡ്ഡുചെയ്ത് മികച്ചയിനമാക്കി മാറ്റും.

തോമസ് യാത്ര പോകുന്ന സ്ഥലങ്ങളിലെ പ്ലാവുകളെക്കുറിച്ച് ചോദിച്ചറിയും. വ്യത്യസ്തയിനമാണെന്ന് മനസ്സിലാക്കിയാല്‍ ശേഖരത്തില്‍ കൂട്ടും. എഴുപത്തിമൂന്നാം വയസ്സിലും ചുറുചുറുക്കോടെ കാര്‍ഷികജീവിതം നയിക്കുകയാണ് തോമസ്.

Share this Post :

No comments yet.

Leave a Reply