പിഴക് സ്‌കൂളില്‍ മോഷണശ്രമം; മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസി കാമറയില്‍

രാമപുരം: വെള്ളിയാഴ്ച രാത്രി പിഴക് പബ്ളിക് സ്‌കൂളില്‍ മോഷ്ടാക്കള്‍ കയറി. ഷര്‍ട്ടും മുണ്ടും ധരിച്ച അന്‍പത് വയസ്സ് കഴിഞ്ഞ രണ്ടു മോഷ്ടാക്കളാണ് രാത്രി പത്തരയോടെ സ്‌കൂളില്‍ കയറിയത്. ഗ്രില്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സ്‌കൂളിലെ സി.സി. കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

മഴ ആയിരുന്നതിനാല്‍ ഗ്രില്‍ തകര്‍ത്ത ശബ്ദം പുറത്തേക്ക് കേട്ടില്ല. മോഷ്ടാക്കള്‍ സ്‌കൂളിലെ സ്റ്റോറില്‍നിന്നുതന്നെ പിക്കാസും തൂമ്പയും എടുത്തുകൊണ്ടുവന്നു. അകത്തുകടന്ന മോഷ്ടാക്കള്‍ ഓഫീസില്‍ കയറി പ്രിന്‍സിപ്പലിന്റെ റൂമിന്റെ വാതില്‍ തകര്‍ത്ത് അതിനുള്ളില്‍ കയറി മേശകള്‍ തുറന്ന് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം. സ്‌കൂള്‍ അധികൃതര്‍ മേലുകാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു.

കടനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള റോഡുകളുടെ സൈഡില്‍ ഉള്ള സോളാര്‍ ലൈറ്റുകളുടെ ബാറ്ററികളും ഇതോടൊപ്പം മോഷണം പോയി. പിഴക് പാലം ജങ്ഷനില്‍ ഉള്ള സോളാര്‍ ലൈറ്റിന്റെ ബാറ്ററികള്‍ വ്യാഴാഴ്ച രാത്രി മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി രാമപുരം പോലീസില്‍ പരാതി നല്‍കി.

Share this Post :

No comments yet.

Leave a Reply