വാഗമണിലെ കെ.എസ്.ഇ.ബി മിനി ഡാം നിറഞ്ഞു വെള്ളം മീനച്ചിലാറ്റിലേക്ക്

ഈരാറ്റുപേട്ട: വാഗമണ്‍ വഴിക്കടവില്‍ കെ.എസ്.ഇ.ബി.യുടെ മിനി ഡാം നിറഞ്ഞ് വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തി. 40 അടി ഉയരമുള്ള ഡാം നിറഞ്ഞ് കവിഞ്ഞാണ് വെള്ളം ഒഴുകുന്നത്. ഡാമിന് ഷട്ടറുകളില്ല. വ്യാഴാഴ്ച രാത്രി മുതലാണ് വെള്ളം ഡാം നിറഞ്ഞൊഴുകിയത്.

ഈ വെള്ളം തീക്കോയി ആറിലൂടെ മീനച്ചിലാറ്റിലാണ് എത്തുന്നത്. ഇതോടെ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന നിലയിലായിരുന്നു. വാഗമണ്‍, കോലാഹലമേട് തുടങ്ങിയ പ്രദേശങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് ഡാം നിറഞ്ഞത്.

1998-ലാണ് ഡാം നിര്‍മ്മാണം തുടങ്ങിയത്. ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇവിടെ നിന്ന് തുരങ്കം നിര്‍മ്മിച്ച് കരിന്തിരി അറപ്പുകാട് പുഴയിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരമാണ് തുരങ്കത്തിനുള്ളത്. പ്രതിദിനം 0.429 എം.സി.എം. (മില്യന്‍ ക്യുബിക് മീറ്റര്‍) വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഡാം 2006-ല്‍ കമ്മീഷന്‍ ചെയ്തു. ഇതിനുശേഷം ഇത് രണ്ടാം പ്രാവശ്യമാണ് ഡാം നിറയുന്നത്. 2007-ല്‍ ഡാം നിറഞ്ഞ് വെള്ളം മീനച്ചിലാറ്റിലേക്ക് ഒഴുകിയിരുന്നു. ഡാമിലെ വെള്ളം ഇടുക്കിയിലേക്ക് തിരിച്ചുവിടുന്നതിനാലാണ് വര്‍ഷകാലത്ത് മീനച്ചിലാറ്റില്‍ വെള്ളപ്പൊക്കകെടുതികള്‍ കുറഞ്ഞത്.

Share this Post :

No comments yet.

Leave a Reply